അപ്പം വർദ്ധിപ്പിക്കുന്നു
യേശു തിബേരിയാസ് എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി.
വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളില്‍ അവന് പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു.
യേശു മലയിലേക്കു കയറി ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു.
യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു.
യേശു കണ്ണുകളുയര്‍ത്തി ഒരു വലിയ ജനതതി തന്റെ അടുത്തേക്കു വരുന്നതു കണ്ടു. അവന് പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും?
അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസ്സില്‍ കരുതിയിരുന്നു.
പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്പം വീതം കൊടുക്കുവാന്‍ ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല.
ശിഷ്യന്മാരിലൊരുവനും ശിമയോന് പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു:
അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും പേര്‍ക്ക് അതെന്തുണ്ട്?
യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു പുല്ലു തഴച്ചുവളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷന്മാര് അവിടെ ഇരുന്നു.
അനന്തരം യേശു അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു വിതരണം ചെയ്തു; അതുപോലെതന്നെ മീനും വേണ്ടത്രനല്‍കി.
അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന് ശിഷ്യന്മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍.
അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നു ജനങ്ങള്‍ ഭക്ഷിച്ചതിനുശേഷം മിച്ചം വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന് പ്രവര്‍ത്തിച്ച അടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു:
ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന് സത്യമായും ഇവനാണ്.
അവര്‍ വന്നു തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്കു പിന്മാറി.
വെള്ളത്തിനുമീതേ നടക്കുന്നു
വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്മാര് കടല്‍ക്കരയിലേക്കു പോയി.
അവര്‍ ഒരു വള്ളത്തില്‍ കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.
ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടല്‍ ക്ഷോഭിച്ചു.
ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്ന് വളളത്തെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപ്പെട്ടു.
അവന് അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ.
അവനെ വള്ളത്തില്‍ കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു.
അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടി യേശു അതില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്മാര് തനിയേ ആണു പോയതെന്നും കടലിന്റെ മറുകരെ നിന്ന ആളുകള്‍ പിറ്റെദിവസം മനസ്സിലാക്കി.
കര്‍ത്താവ് കൃതജ്ഞതാസ്തോത്രം ചെയ്തു നല്കിയ അപ്പം ജനങ്ങള്‍ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്കു തിബേരിയാസില്‍നിന്നു മറ്റു വള്ളങ്ങള്‍ വന്നു.
യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.
ജീവന്റെ അപ്പം
യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോള്‍ ഇവിടെയെത്തി?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്.
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന് തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു.
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.
അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക?
അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വർഗ്ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു.
യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക് സ്വർഗ്ഗത്തില്‍നിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് സ്വർഗ്ഗത്തില്‍നിന്ന് നിങ്ങള്‍ക്കു യഥാർത്ഥമായ അപ്പം തരുന്നത്.
എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വർഗ്ഗത്തില്‍നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന് നല്കുന്നതത്രേ.
അപ്പോള്‍ അവര്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്കണമേ.
യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
ഞാന്‍ സ്വർഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്.
അവിടുന്ന് എനിക്കു നല്കിയവരില് ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം.
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന് ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ് എന്ന് അവന് പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു.
അവര്‍ പറഞ്ഞു: ഇവന് ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വർഗ്ഗത്തില്നിന്നിറങ്ങിവന്നിരിക്കുന്നു എന്ന് ഇവന് പറയുന്നത്?
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടതില്ല.
എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു.
ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനർത്ഥം. ദൈവത്തില്നിന്നുള്ളവന് മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
ഞാന്‍ ജീവന്റെ അപ്പമാണ്.
നിങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
ഇതാകട്ടെ, മനുഷ്യന് ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന് മരിക്കുകയില്ല.
സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന് ഉണ്ടായിരിക്കുകയില്ല.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
എന്തെന്നാല്‍, എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന് ഞാന്‍ മൂലം ജീവിക്കും.
ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര് മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന് എന്നേക്കും ജീവിക്കും.
കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന് ഇതു പറഞ്ഞത്.
നിത്യജീവന്റെ വചസ്സുകള്‍
ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?
തന്റെ ശിഷ്യന്മാര് പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ?
അങ്ങനെയെങ്കില്‍ മനുഷ്യപുത്രന് ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ?
ആത്മാവാണു ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന് അറിഞ്ഞിരുന്നു.
അവന് പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.
ഇതിനുശേഷം അവന്റെ ശിഷ്യന്മാരില് വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല.
യേശു പന്ത്രണ്ടു പേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?
ശിമയോന് പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.
നീയാണു ദൈവത്തിന്റെ പരിശുദ്ധന് എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന് പിശാചാണ്.
അവന് ഇതു പറഞ്ഞത് ശിമയോന് സ്കറിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍, പന്ത്രണ്ടുപേരിലൊരുവനായ അവനാണ് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്നത്.